Thursday 27 October 2016

ഇഡ്ഡലി ഒരു സമീകൃത ആഹാരമാണ്



ഉത്തരാഖണ്ഡിൽ വിളഞ്ഞ ഉഴുന്നു പരിപ്പും
ഉസല്ലാം പെട്ടിയിൽ കൊയ്തെടുത്ത നീളൻ പച്ചരിയും
ഉമ്മയുടെ കൈകളിൽ എത്തിയതിനു പിന്നിൽ
ഉജ്ജ്വലമായ ഉപകഥകൾ ഒരു പാടുണ്ടാവാം

ഉരി  അരി ഉഴുന്നും ചേർത്തു വെള്ളത്തിലിടുമ്പോൾ
ഉമ്മ ഒന്നേ പടച്ച റബ്ബിനോട് പറഞ്ഞുള്ളൂ
ഉഗ്രൻ ഇഡ്ഡലിക്ക് വേണ്ട മാവാക്കാൻ കരുണയുണ്ടാകേണമേയെന്ന്
ഉഴുന്നു അരിയെ പുൽകിയതും പിന്നെ അലിഞൊന്നായതും
ഉമ്മ ഒരേ നിർവികാരതയോടെ കണ്ടു നിന്നു

ഉഴുന്നിനു അരിയോട് പ്രണയമില്ലാതിരുന്നിട്ടും അവരൊന്നായി
ഉദാത്തമായ പല പ്രഗത്ഭ ജന്മങ്ങൾക്കും പിന്നിൽ
ഉപ്പിനോളം പോലും പ്രണയമില്ലാത്ത കൂടിച്ചേരലുകളായിരുന്നിരിക്കാം
ഉപ്പയോട്‌ ഉമ്മയ്ക്കുണ്ടായിരുന്നതും
ഉഴുന്നിനു അരിയോടുണ്ടായ പോലൊരു നിർബന്ധിത പ്രണയമായിരുന്നിരിക്കണം

മാവ് വെന്ത മണമടിച്ച ആവി വന്നപ്പോൾ
ഉമ്മ ടീസ്പൂണിന്റെ മോന്തായം കൊണ്ടു കുത്തിയിട്ട
ഇഡ്ഡലികൾ ഞങ്ങളെപ്പോലെയായിരുന്നു
പ്രണയമില്ലാതിരുന്നിട്ടും പ്രകൃതിയൊരുക്കിയ മിശ്രിതം പോലെ
പതപ്പും മാർദ്ദവുമുള്ള രസികൻ ഇഡ്ഡലികൾ

ഇഡ്ഡലികൾ ഉണ്ടാകുന്നതിങ്ങനെയാണ്
അവയ്ക്കു ചേർക്കപ്പെടേണ്ട മിശ്രിതം
കൃത്യമായ അനുപാതത്തിൽ ചേരണം
ഇഡ്ഡലി ഒരു സമീകൃത ആഹാരമാണ്
ഞാൻ പൂർണനായിരിക്കുന്നതു പോലെ
 



Wednesday 22 June 2016

വായിച്ചാൽ കിളി പോകുന്ന കവിത


അമ്മുമ്മ നിധിപോലെ കാത്ത ട്രങ്ക് പെട്ടി മൊത്തം പരതി അച്ഛന്റെ പാണ്ടി ബാഗ് കുടഞ്ഞിട്ടു നോക്കി ഒരു സാധനം വെച്ചാ വെച്ചിടത്ത് കാണില്ല നാശം അതല്ലേലും അങ്ങനാണല്ലോ ന്യൂട്ടൺ മാങ്ങ പറിച്ച കഥയറിയാമോ ന്യുട്ടെല്ലാ ഉണ്ടാക്കുന്നത്‌ ചളിയിൽ നിന്നാണത്രേ കട്ടച്ചളി എവിടെകിട്ടിയാലും ഒന്ന് പറയണേ കൃത്യമായിട്ട്‌ ഒരു സംഗതി ഉണ്ടാക്കാനാ എന്നതാട നിനക്കൊരു എരിപിരി സഞ്ചാരം ഏനക്കേട് പിടിച്ച കാലമാ ഒരു ഞരമ്പിടറിയാ മതി ആശയം അസ്ഥി തുളച്ചു കയറാൻ നിൽക്കുമ്പോളാ അമ്മകുഞ്ഞമ്മേടെ അവരാതിച്ച കൊണവതിയാരം എനിക്ക് കവിത വേണം വായിച്ചാൽ കിളി പോകുന്ന എപ്പോഴുമെപ്പോഴും വേണമെന്നു തോന്നുന്ന കവിത ബലം പിടിക്കാതെ, വായിച്ചാൽ വയറ്റീന്നു പോകുന്ന ബുദ്ധിജീവികളെ ചിന്തിക്കാനും ബുദ്ധിയില്ലാത്തോരെ സംഗതി സ്പാറി എന്നും പറയിക്കുന്ന ഒരു കൊച്ചു ഗവിത സകല പുണ്യാളൻമ്മാരെ നീ ബുദ്ധിജീവികളെ കാത്തോളണീ ....