Friday 10 October 2008

സാന്ത്വന വെള്ളി

വെള്ളിയാഴ്ച ഒരു സാന്ത്വനമാണ്
യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത
കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത
ഉറക്കത്തിന്‍റെ സൌന്ദര്യമൂരുന്ന വെള്ളി .
പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും
ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .
വിവരം ഇല്ലാത്തവരുടെ വിവരക്കേടുകള്‍ക്ക്
റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .
ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍
ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .
വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍
വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .


ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍
അലക്കി വെളുപ്പിക്കേണ്ട വെള്ളി .
ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന
പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .
പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന
കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .
നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.
വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍
തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .
വെള്ളി ഒരു അനുഗ്രഹമാണ്
മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്
ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Saturday 20 September 2008

വൃത്തം അറിയാത്തവന്റെ വിഷമവൃത്തം

വൃത്തം തികച്ചൊരു കവിത എഴുതുവാന്‍

വൃത്തിയായ് നല്ലൊരു കവിത എഴുതുവാന്‍

ഞാനാം കവിയൊരു തൂലിക ചാലിച്ചു

കേകയോ കാകളി മഞ്ജരി വൃത്തമോ

വൃത്തമെന്താകിലുംകവിത നന്നാകേണം

ഗുരുവും ലഗുവും തിരിച്ചെഴുതി തുടങ്ങി

അക്ഷരങ്ങള്‍ ഒക്കുമ്പോള്‍ വൃത്തം മുറിയുന്നു

വൃത്തമോന്നോക്കുമ്പോള്‍ അക്ഷരം മുറിയുന്നു

വൃത്തം മുറിയാതെ അര്ത്ഥം മുറിയാതെ

ഹൃത്തം മുറിഞ്ഞു പുകഞ്ഞു ചിന്തിച്ചു ഞാന്‍

ഒടുവിലെന്‍ കവിഹൃത്ത് വൃത്തം വെടിഞ്ഞിട്ട്‌

ആധുനീകത്തിലെയ്ക്ക് എത്തുവാന്‍ വെമ്പി

ആധുനീകത്തില്‍ ഈ വൃത്തം വരയ്ക്കേണ്ട

തോന്നുന്നതോക്കയും വെറുതെ എഴുതി ഞാന്‍

വൃത്തമില്ലാതെന്റെ കവിത പിറന്നു

വൃത്തിയില്ലത്തോരെന്‍ കവിത പിറന്നു

വൃത്തം തികച്ചൊരു കവിത രചിക്കാഞ്ഞാല്‍

ഞാന്‍ എന്ന കവി ഇന്ന് ആധുനീകനായ്.