Thursday 27 October 2016

ഇഡ്ഡലി ഒരു സമീകൃത ആഹാരമാണ്



ഉത്തരാഖണ്ഡിൽ വിളഞ്ഞ ഉഴുന്നു പരിപ്പും
ഉസല്ലാം പെട്ടിയിൽ കൊയ്തെടുത്ത നീളൻ പച്ചരിയും
ഉമ്മയുടെ കൈകളിൽ എത്തിയതിനു പിന്നിൽ
ഉജ്ജ്വലമായ ഉപകഥകൾ ഒരു പാടുണ്ടാവാം

ഉരി  അരി ഉഴുന്നും ചേർത്തു വെള്ളത്തിലിടുമ്പോൾ
ഉമ്മ ഒന്നേ പടച്ച റബ്ബിനോട് പറഞ്ഞുള്ളൂ
ഉഗ്രൻ ഇഡ്ഡലിക്ക് വേണ്ട മാവാക്കാൻ കരുണയുണ്ടാകേണമേയെന്ന്
ഉഴുന്നു അരിയെ പുൽകിയതും പിന്നെ അലിഞൊന്നായതും
ഉമ്മ ഒരേ നിർവികാരതയോടെ കണ്ടു നിന്നു

ഉഴുന്നിനു അരിയോട് പ്രണയമില്ലാതിരുന്നിട്ടും അവരൊന്നായി
ഉദാത്തമായ പല പ്രഗത്ഭ ജന്മങ്ങൾക്കും പിന്നിൽ
ഉപ്പിനോളം പോലും പ്രണയമില്ലാത്ത കൂടിച്ചേരലുകളായിരുന്നിരിക്കാം
ഉപ്പയോട്‌ ഉമ്മയ്ക്കുണ്ടായിരുന്നതും
ഉഴുന്നിനു അരിയോടുണ്ടായ പോലൊരു നിർബന്ധിത പ്രണയമായിരുന്നിരിക്കണം

മാവ് വെന്ത മണമടിച്ച ആവി വന്നപ്പോൾ
ഉമ്മ ടീസ്പൂണിന്റെ മോന്തായം കൊണ്ടു കുത്തിയിട്ട
ഇഡ്ഡലികൾ ഞങ്ങളെപ്പോലെയായിരുന്നു
പ്രണയമില്ലാതിരുന്നിട്ടും പ്രകൃതിയൊരുക്കിയ മിശ്രിതം പോലെ
പതപ്പും മാർദ്ദവുമുള്ള രസികൻ ഇഡ്ഡലികൾ

ഇഡ്ഡലികൾ ഉണ്ടാകുന്നതിങ്ങനെയാണ്
അവയ്ക്കു ചേർക്കപ്പെടേണ്ട മിശ്രിതം
കൃത്യമായ അനുപാതത്തിൽ ചേരണം
ഇഡ്ഡലി ഒരു സമീകൃത ആഹാരമാണ്
ഞാൻ പൂർണനായിരിക്കുന്നതു പോലെ
 



Wednesday 22 June 2016

വായിച്ചാൽ കിളി പോകുന്ന കവിത


അമ്മുമ്മ നിധിപോലെ കാത്ത ട്രങ്ക് പെട്ടി മൊത്തം പരതി അച്ഛന്റെ പാണ്ടി ബാഗ് കുടഞ്ഞിട്ടു നോക്കി ഒരു സാധനം വെച്ചാ വെച്ചിടത്ത് കാണില്ല നാശം അതല്ലേലും അങ്ങനാണല്ലോ ന്യൂട്ടൺ മാങ്ങ പറിച്ച കഥയറിയാമോ ന്യുട്ടെല്ലാ ഉണ്ടാക്കുന്നത്‌ ചളിയിൽ നിന്നാണത്രേ കട്ടച്ചളി എവിടെകിട്ടിയാലും ഒന്ന് പറയണേ കൃത്യമായിട്ട്‌ ഒരു സംഗതി ഉണ്ടാക്കാനാ എന്നതാട നിനക്കൊരു എരിപിരി സഞ്ചാരം ഏനക്കേട് പിടിച്ച കാലമാ ഒരു ഞരമ്പിടറിയാ മതി ആശയം അസ്ഥി തുളച്ചു കയറാൻ നിൽക്കുമ്പോളാ അമ്മകുഞ്ഞമ്മേടെ അവരാതിച്ച കൊണവതിയാരം എനിക്ക് കവിത വേണം വായിച്ചാൽ കിളി പോകുന്ന എപ്പോഴുമെപ്പോഴും വേണമെന്നു തോന്നുന്ന കവിത ബലം പിടിക്കാതെ, വായിച്ചാൽ വയറ്റീന്നു പോകുന്ന ബുദ്ധിജീവികളെ ചിന്തിക്കാനും ബുദ്ധിയില്ലാത്തോരെ സംഗതി സ്പാറി എന്നും പറയിക്കുന്ന ഒരു കൊച്ചു ഗവിത സകല പുണ്യാളൻമ്മാരെ നീ ബുദ്ധിജീവികളെ കാത്തോളണീ ....

Thursday 25 August 2011

എയ്ഞ്ചല്‍ കാത്തിരിക്കുകയാണ്




അമ്മേ നിന്നുടെ ചിന്തകളില്‍ ഞാന്‍

അറിയുന്നു ഈ സുന്ദര ലോകം .

നിന്നാല്‍ അറിഞ്ഞ ലോകം കാണാന്‍
കൊതിയോടെ ഞാന്‍ കാത്തീടുന്നു.

ഹൃദയം നിറയെ കനവും കണ്ടു
തോളില്‍ ഉറക്കി വാവോ പാടാന്‍

ഒത്തിരി ഒത്തിരി ഉമ്മകള്‍ നല്‍കാന്‍
കാത്തിരിക്കും ചേച്ചി അമ്മയ്ക്കായ്

അമ്മ പറഞ്ഞാ പൂവുകള്‍ കാണാന്‍
നന്മ നിറഞ്ഞ മുഖങ്ങള്‍ കാണാന്‍

ചാച്ചന്‍ വാങ്ങിയ പാവകള്‍ കാണാന്‍
പൂവ് നിറഞ്ഞാ പൂച്ചെടി കാണാന്‍

അന്ന് പറഞ്ഞാ നീലാകാശം കാണാന്‍
ചേച്ചി നനഞ്ഞാല്‍ ചീത്ത വിളിക്കണ
ചന്നം പിന്നം മഴയെ കാണാന്‍

ചാച്ചന്‍ തന്നുടെ തലോടല്‍ ഏല്‍ക്കാന്‍
അമ്മേ നിന്നുടെ സുന്ദര വദനം കാണാന്‍
കൊതിയോടെ ഞാന്‍ കാത്തിടുന്നു.

Sunday 1 March 2009

ലണ്ടണ്‍ നോക്കിയന്ത്രം

കുരിയാക്കോ പണ്ടൊരു പെണ്ണ് കണ്ടു

ലണ്ടനില്‍ നേഴ്സ് ആയ മറിയകുട്ടി.

വടി പോലെ നീണ്ടൊരു കുരിയക്കൊയ്ക്ക്

തടിയെറുംനിറമില്ല മറിയകുട്ടി

പൌണ്ടിന്‍ കനത്തിലെ ഡോറീ കണ്ടു

കുരിയക്കോ മദയാന മരിയെ കെട്ടി

കെട്ട് കഴിഞ്ഞെട്ടു തീരും മുന്പേ

മറിയാമ്മ കരയാതെ ബൈ ബൈ ചൊല്ലി

കുരിയക്കോ ഫോണ്‍ ചോട്ടില്‍ പെറ്റിരുന്നു

മറിയാമ്മ സാറ്റലൈറ്റ് ഫോണ്‍ വിളിച്ചു

മുറിയാതെ പൌണ്ട് എത്തി കുരിയാക്കോയ്ക്ക്

വൈകാതെ സ്പീഡ് പോസ്റ്റില്‍ വിസയുമെത്തി

മണിക്കൂറില്‍ അറുപതു പൌണ്ട് നേടും

മറിയേടെ കെട്ടിയോന്‍ ഞാന്‍ കുറിയ

മറിയാമ്മ ഡൂട്ടിക്ക് പോയിടുമ്പോള്‍

ഹോട്ട് ബേഡില്‍ ചൂടന്‍ തകര്‍ത്തു

കാണും മാമരം കോച്ചും തണുപ്പ് അകറ്റാന്‍

സ്കോച്ച് ഒന്നു പൊട്ടിച്ചു വീശിടെണം

ലണ്ടനില്‍ കിട്ടുന്ന ലിക്കര്‍ എല്ലാം

ലവിഷായ് വാങ്ങി അടിച്ചിടെണം

ഭര്ത്താവ് ജോലിയും കനവു കണ്ടു

കുരിയക്കോ ലണ്ടനില്‍ ഫ്ലൈറ്റ്ഇറങ്ങി .

ലണ്ടനിലെത്തിയ നാള്‍ മുതല്‍ക്കു

മറിയാമ്മ മറിമായം കാട്ടി മെല്ലെ

രാവിലെ ബെഡ് കോഫി വെച്ചിടേണം

പ്രാതലൊരുക്കി ഞാന്‍ നല്‍കിടേണം

ടോമിയെ ദിവസവും തൂറ്റിക്കേണം

സോപിട്ടു നന്നായ്‌ കുളിപ്പിക്കണം

പട്ടിക്കു ഫുഡ് ഒക്കെ തീര്‍ന്നിടുമ്പോള്‍

മാര്‍ക്കറ്റില്‍ പോയി ഞാന്‍ വാങ്ങിടെണം

മറിയാമ്മ ജോലിക്ക് പോകും മുന്‍പെ

ചുളിയാതെ തുണി എല്ലാം തേച്ചു നല്കും

തിരുവല്ലേല്‍ ഉണക്കമീന്‍ വിറ്റിരുന്ന

കുരിയക്കൊയ്കിവിടിപ്പം സ്കോപ്പും ഇല്ല

മീന്‍ ഉണക്കാന്‍ ഒട്ടു വെയിലുമില്ല

കുരിയാക്കോ എന്ന ഞാന്‍ ഏകനല്ല

ലണ്ടനില്‍ എവിടെ തിരിഞ്ഞിടിലും

നൂറു കുരിയക്കോ പ്രേതമുണ്ട്

വൈഫിന്റെ പൌണ്ടിന് ഫുഡ് അടിക്കും

സാരി വിസക്കാരാം കുരിയാക്കൊമാര്‍ .

Sunday 25 January 2009

അമ്മയെന്ന ശ്രീകോവില്‍




പൊക്കിള്‍ കൊടി മുറിചെന്നെ അകറ്റിയനാള്‍ വര്യ്ക്കും ഞാന്‍ നീയായിരുന്നു.
നിന്റെ ജീവന്റെ അമ്ശമായ് ,ഒരു മാംസ പിണ്ടമായ്,
നിന്നില്‍ നിന്നേറ്റം ഗുണമാര്‍ന്നതോക്കെയും ഊറ്റിയെടുത്തു ഞാന്‍ ,ഒരു പരാഗത്തെ പോല്‍,
എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........

Sunday 11 January 2009

പ്രവാസിയുടെ പകല്‍ കിനാവ്

കനകം വിളയുന്ന നാട്ടില്‍ നിന്നും

കള കളം പാടുന്ന പുഴകള്‍ തേടി

ഉരുകി മരിചോരെന്‍ ദേഹിയെ ഞാന്‍

പള പളാ മിന്നുന്ന സൂട്ടിലാക്കി

കനകത്തിന്‍ നിറമേറും വാച്ചും കെട്ടി

ഭംഗിയായ്‌ രയ്ബാന്റെ ഗ്ലാസും വെച്ചു

എന്റെ ഓര്‍മകള്‍ മേയുന്ന മണ്ണില്‍ എത്തും

അറബിയും ഇന്ഗ്ലീഷും മലയാളവും

കൂട്ടി കലര്‍ത്തി ഞാന്‍ സ്പീക് ചെയ്യും

കാണുവാനെത്തുന്ന ഫ്രെണ്ട്സിനെല്ലാം

സ്കോച്ചും ചികെനും, പിന്നെ മല്ബരോയും

ഗ്ലാമരായ് എന്നാരു ചൊല്ലിയാലും

ഒരു പെര്‍ഫ്യും ഫ്രീ ആയി നല്‍കിടും ഞാന്‍

ബന്ധുക്കല്‍ക്കെല്ലാം കൈ നിറയെ

അളിയനും പെങ്ങള്‍ക്കും സ്പെഷിലായി വീഡിയോ

അയല്‍ക്കര്‍ക്കൊക്കെ ന്യായമായ് ഓരോന്നും

ദിവസവും കാറില്‍ ഞാന്‍ നാടു ചുറ്റും

ക്യാമറാ തൂക്കി ഞെളിഞ്ഞു നില്ക്കും

ടെണ്ടര്‍ കൊക്കനുട്ട് ജൂസിനായി ഞാന്‍

വീട്ടിലെ തെങ്ങില്‍ വലിഞ്ഞു കേറുംഅയ്യോ !

ഒരു നിമിഷം ഞാനാ പഴയ വണ്ണാന്‍ ആയി

സോഫ്റ്റ് ദ്രിങ്കിനായി ഞാന്‍ തെങ്ങില്‍ കയറില്ല

അയലത്തെ അനുവിന്റെ കടയില്‍ നിന്നും

പെപ്സിയോ കോളയോ പാര്സലായ് വാങ്ങിടും

അങ്ങനെ രണ്ടു മാസം ഞാന്‍ അടിച്ച് പൊളിക്കും

പിന്നീടെനിക്കിവിടെ തിരികെ എത്തിടെണം

അറബിതന്‍ കുപ്പായം ചുളിയാതെ തേക്കണം

കാറ് കഴുകേണം തോട്ടം നനയ്ക്കണം

അറബി നാട്ടില്‍ ഇനി എന്ത് ചെയ്താലെന്താ

നാട്ടിലെന്‍ ചങ്ങാതി ചൊല്ലണ്,

"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "

Friday 10 October 2008

സാന്ത്വന വെള്ളി

വെള്ളിയാഴ്ച ഒരു സാന്ത്വനമാണ്
യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത
കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത
ഉറക്കത്തിന്‍റെ സൌന്ദര്യമൂരുന്ന വെള്ളി .
പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും
ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .
വിവരം ഇല്ലാത്തവരുടെ വിവരക്കേടുകള്‍ക്ക്
റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .
ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍
ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .
വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍
വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .


ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍
അലക്കി വെളുപ്പിക്കേണ്ട വെള്ളി .
ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന
പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .
പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന
കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .
നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.
വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍
തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .
വെള്ളി ഒരു അനുഗ്രഹമാണ്
മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്
ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .